ക്രമക്കേടുകള്ക്കുനേരേ കണ്ണടച്ച് സംഘടനയെ മുന്നോട്ടുകൊണ്ടുപോകാന്‍ പാവകളാകണമെന്നും അത്തരത്തൊരു പാവയാകാന്‍ താന്‍ തയാറല്ലെന്നും അമ്മയിൽ നിന്നും രാജിവച്ചശേഷം ശ്വേതാ മേനോന് മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ ചിലര്‍ അജൻഡ വച്ച് പുറത്താക്കാന്‍ ശ്രമിച്ചു. കുറ്റാരോപിതരുടെ കൈയിലേക്കു സംഘടനയെ വീണ്ടും കൊണ്ടുപോകാനുള്ള ശ്രമമാണു നടക്കുന്നത്. താരങ്ങളെ അവിശ്വാസ പ്രമേയത്തില്‍ ഒപ്പിടീച്ചു.
ഞങ്ങള്‍ വന്നശേഷമുള്ള കമ്മിറ്റിയുടെ കണക്കുകള്‍ കൃത്യമാണ്. അതിനുമുന്‍പുണ്ടായിരുന്ന ബാബുരാജിന്റെ കമ്മിറ്റിയുടെ കണക്കില്‍ ഒരുപാട് കുഴപ്പങ്ങളുണ്ടെന്നും രാജിക്കുശേഷം ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.
"അംഗങ്ങളുടെ അവിശ്വാസത്തെ തുടർന്ന് ഭരണസമിതി രാജിവെച്ചിട്ടുണ്ട്. ഞാൻ വ്യക്തിപരമായി അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കുക മാത്രമല്ല, സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ പൂർണമായി പുറത്തു വന്നിരിക്കുകയാണ്. പണ്ട് കുറച്ചു സ്ത്രീകൾ പറഞ്ഞത് എത്രമാത്രം ശരിയാണെന്ന് ഇന്ന് എനിക്കും തോന്നിപ്പോകുന്നു.
കുറ്റാരോപിതരായ ആളുകളുടെ കൈകളിലേക്ക് സംഘടനയെ വീണ്ടും എത്തിക്കാനുള്ള ബോധപൂർവ്വമായ ശ്രമവും അജണ്ടയുമാണ് അവിടെ നടന്നത്. യോഗത്തിൽ രജിസ്ട്രേഷൻ ഒരു ഭാഗത്തായിരുന്നു നടന്നിരുന്നത്. എന്നാൽ മിക്ക ആളുകളെയും നിർബന്ധിച്ച് അപ്പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി അവിശ്വാസപ്രമേയത്തിൽ ഒപ്പ് ശേഖരിക്കുകയായിരുന്നു. ഒരു പ്ലാൻ അനുസരിച്ച് ഞങ്ങളെ പുറത്താക്കാനാണ് അവർ നോക്കിയത്. എനിക്കൊരു വ്യക്തിത്വമുണ്ട്, എനിക്ക് പറയാനുള്ളത് ഞാൻ തുറന്നു പറയും.
ഞങ്ങളുടെ സമിതിയിലെ ട്രഷറർ ഒരു ഒളിച്ചോടിയ ആളായിരുന്നു. മെയ് ഒന്നാം തീയതിയോടെ പുള്ളി ഓടിയൊളിച്ചു. അമ്മയിലെ സ്റ്റാഫിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ലേബർ ഡിപ്പാർട്ട്മെന്റിലും പോലീസിലും പരാതി പോയപ്പോൾ, കമ്മിറ്റിയോട് ഒരു വാക്കുപോലും പറയാതെ, ഒരു മെയിൽ പോലും അയക്കാതെ മൂപ്പർ മുങ്ങുകയായിരുന്നു.
അതുകൊണ്ട് തന്നെ കൃത്യമായി കണക്കുകൾ ചെയ്യാൻ ഞങ്ങൾക്ക് പറ്റിയില്ല. എങ്കിലും സെപ്റ്റംബർ ഒന്നാം തീയതി തൊട്ടുള്ള ഞങ്ങളുടെ കമ്മിറ്റിയുടെ കണക്കുകളെല്ലാം കൃത്യമാണ്. ഇതിന് മുൻപ് ബാബുരാജേട്ടൻ ചെയ്ത കമ്മിറ്റിയുടെ കാലത്ത് ഒരുപാട് കുഴപ്പങ്ങളുണ്ടായിരുന്നു.
സംഘടനയുടെ നാണക്കേട് ഓർത്ത് മാത്രമാണ് ഇതുവരെ കാര്യങ്ങൾ പുറത്തു പറയാതിരുന്നത്. ഇന്ന് എനിക്ക് വലിയൊരു ആശ്വാസമുണ്ട്. കാരണം ഇന്ന് മുതൽ ഞാൻ അമ്മയിലെ അംഗമല്ല.
അംഗമല്ലാത്തതുകൊണ്ട് തന്നെ എനിക്ക് എല്ലാം തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അവിടെ തികഞ്ഞ ഗൂഢാലോചനയാണ് നടന്നത്. അമ്മയിൽ വെറുമൊരു പാവയായി ഇരുന്നില്ലെങ്കിൽ ഇവിടെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. അതിന് എന്നെ കിട്ടില്ല. ബാക്കി കാര്യങ്ങൾ ഞാൻ പിന്നീട് വ്യക്തമാക്കാം.'' ശ്വേത പറഞ്ഞു.
ഞായറാഴ്ച രാവിലെ യോഗം ആരംഭിച്ചതു മുതൽ തന്നെ ഭരണസമിതിയെ പുകച്ചുപുറത്താക്കാനുള്ള ആസൂത്രിത നീക്കങ്ങൾ നടന്നിരുന്നു. വാർഷിക റിപ്പോർട്ടും കണക്കുകളും അവതരിപ്പിക്കാൻ പ്രതിപക്ഷ വിഭാഗം സമ്മതിച്ചില്ല. തുടർന്ന് പ്രതിസന്ധി പരിഹരിക്കാൻ 45 ദിവസത്തെ സമയം ശ്വേത ആവശ്യപ്പെട്ടെങ്കിലും അംഗങ്ങൾ വഴങ്ങിയില്ല.
ഒടുവിൽ അവിശ്വാസപ്രമേയം പാസാക്കി നാണംകെടുത്തുന്നതിന് മുൻപ് തന്നെ ശ്വേതാ മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും അടങ്ങുന്ന സമിതി കൂട്ടത്തോടെ രാജി പ്രഖ്യാപിക്കുകയായിരുന്നു.